Mental Portal To Utrecht
- arabhikm
- Jun 11, 2021
- 2 min read
ലോക്കഡൗണിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയുന്നത് യാത്രകൾ ആണ്. ആവർത്തന വിരസമായ ദിനങ്ങൾ തള്ളി നീക്കുമ്പോളാണ് യാദൃശ്ചികമായി ഒരു Spotify പോഡ്കാസ്റ്റ് കേൾക്കുന്നത് . ശരീരം കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും യാത്ര ചെയ്യാം എന്ന് ഈ അനുഭവത്തിലൂടെ മനസ്സിലായി. യൂറോപ്യൻ രാജ്യമായ നെതർലാൻഡ്‌സ് ലെ
Utrecht സിറ്റിയിലേക്കാണ് ഈ യാത്ര .

പ്രശ്‌സത സഞ്ചാരി, ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ ശൈലിയിൽ പറയുകയാണെങ്കിൽ, " സമയം ഏകദേശം 7 മണി. വെസ്റ്റേൺ സ്റ്റൈലിൽ വസ്ത്രം ധരിച്ചു കൊണ്ട് ഞാൻ യാത്ര പുറപ്പെട്ടു" . സൈക്കിളിൽ നഗരം ചുറ്റിക്കാണാൻ ആണ് പ്ലാൻ .നെതർലൻഡ്‌സിലെ സർവ്വ സാധാരണ സവാരി സൈക്കിളാണ്. .അവിടുത്തെ ഭൂപ്രകൃതിയും , ജനസാന്ദ്രതയും വെച്ചു നോക്കുമ്പോൾ ൽ, സൈക്കിൾ തന്നെ ആണ് ആ പ്രദേശത്തേക്ക് ഏറ്റവും അനുയോജ്യം. മാത്രമല്ല മലിനീകരണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടിവരുന്ന ഈ കാലത്തു സൈക്ലിംഗ് തന്നെയാണ് നല്ലത് .
ലൈറ്റ് ബ്ലൂ നിറമുള്ള ഒരു vintage സൈക്കിൾ ആണ് എന്റേത് . മുൻവശത്തു ലൈറ്റ് ബ്രൗൺ നിറത്തിൽ ഒരു ബാസ്‌കറ്റ് ഉണ്ട് . അതിനു പുറമേ ഒരു ചെറിയ ലൈറ്റ് ,മൊബൈൽ ഫോണും , വെള്ളക്കുപ്പിയും വെക്കാൻ ഒരു ഹോൾഡർ . എന്റെ പ്രിയേപ്പെട്ട കൺട്രി മ്യൂസിക് playlist ഓൺ ആക്കി, ഹൃദ്യമായ വരികൾ പാടിക്കൊണ്ട് ഞാൻ സൈക്കിൾ ചവിട്ടി നീങ്ങി
യൂട്രെക്കറ്റിന്റെ സൗന്ദര്യം അവിടത്തെ കനാലുകൾ ആണ്. കണ്ടാൽ നമ്മുടെ അവിടത്തെ ഇഷ്ടിക പോലെ തോന്നിപ്പിക്കുന്ന ഒരു തരം കല്ല് കൊണ്ടാണ് ഇവിടെ ഉള്ള പാലങ്ങളും കെട്ടിടങ്ങളുമെല്ലാം നിർമിച്ചിരിക്കുന്നത് . പാലത്തിനു നടുവിൽ ആകാശം നോക്കി നിൽക്കുമ്പോൾ സൂര്യന്റെ പ്രഭാവം എന്നിലെ ഓരോ തരി ജീവനെയും ഉണർത്തി വിട്ടു . ഒരു പക്ഷെ അസൂയകൊണ്ട് എന്റെ ശ്രദ്ധ പിടിക്കാനായിരിക്കണം മേഘങ്ങൾ ഇടയ്ക്കിടെ സൂര്യനെ മറച്ചു കൊണ്ടിരുന്നത് . നിഴലും വെളിച്ചവും തമ്മിൽ ഉള്ള ഒരു ഒളിച്ചു കളി .
എന്റെ വലതുഭാഗത്തു, വെളുത്ത കല്ലുകൾ കൊണ്ട് നിർമിച്ച കടകളുടെ ഒരു നിരയാണ് . ഇടതുഭാഗത്തു വീടുകളുടെ നിരയും . മേഘങ്ങൾ ,കാറ്റ് , സൈക്കിളുകൾ
മൊത്തത്തിൽ വല്ലാത്തൊരു ചലനാത്മകത.തണുത്ത കാറ്റിന്റെ തഴുകൽ എന്റെ വിരാമം ഇല്ലാത്ത ചിന്തകളെ നിശബ്ദമാക്കി .
മനോഹരമായ ഇടവഴികൾ , ചർച്ചുകൾ , കനാലുകൾ എങ്ങോട്ടുപോകണമെന്നു അറിയാതെ നിക്കുമ്പോളാണ്, ദൂരെ എവിടെയോ ഒരു കത്രീഡലിൽ നിന്നുള്ള മണിയടി ശബ്ദം നഗരത്തിലാകെ പ്രതിധ്വനിക്കുന്നത് .ഡോമ് ടവറിൽ നിന്നായിരുന്നു ആ ശബ്ദം . നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഡോമ് ടവർ. ആ ശബ്ദം എന്നെ അടുത്തേക്ക് വിളിക്കുന്നതായി തോന്നി. ഒരുപക്ഷെ അതിന്റെ കഥ പറയാനാകാം . പതിമൂന്നാം നൂറ്റാണ്ടിലാണ് ഡോമ് ടവർ നിർമ്മിക്കപ്പെട്ടത് . അന്ന് സേന്റ് മാർട്ടീന്റെ കാത്തീഡ്രൽ ന്റെ ഭാഗമായിരുന്നു ഇത് . പണത്തിന്റെ അഭാവം മൂലം കത്തീഡ്രൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല . നിർമ്മാണം പൂർത്തിയാക്കാൻ കഴിയാഞ്ഞത് കൊണ്ട് ഡോമ് ടവർ ഇന്ന് ഒരു സ്വതന്ത്ര ഗോപുരമായി നിലനിൽക്കുന്നു . മണിയടിയെ പിന്തുടർന്നു നടക്കുമ്പോളാണ് ഒരു ഇടവഴി കണ്ടത് . ഫാബ്രിക് കടകൾ ,ബേക്കറികൾ , റെസ്റ്റേറ്റ്നട്കൾ, ട്യൂലിപ്പ് പൂക്കൾ വിൽക്കുന്ന കടകൾ ...... അങ്ങനെ രണ്ട് വശങ്ങളിലും വെള്ള , മഞ്ഞ ,പർപിൾ... ഒരുപാട് നിറങ്ങളിലുള്ള ട്യൂലിപ്പുകൾ . ഈ ട്യൂലിപ് കടകൾ കാണുമ്പോൾ മുൻപ് എപ്പോഴോ വായിച്ച, 16ആം നൂറ്റാണ്ടിലെ "ട്യൂലിപ് മാനിയ" ആണ് ഓർമ്മ വന്നത് . ഡച്ച് സംസ്കാരത്തിന്റെ സുവർണ കാലഘട്ടത്തിൽ, ട്യൂലിപ് ബൾബുകളുടെ വില, ദിനംപ്രതി അസാധാരണമായി ഉയർന്നു കൊണ്ടിരുന്നു, എന്നാൽ 1637 ഇൽ ട്യൂലിപ് മാർക്കറ്റ് ഇടിയുകയും ചെയ്തു.
ഒരു കെട്ട് ട്യൂലിപ്കൾ വാങ്ങി ഞാൻ സൈക്കിളിന്റെ ബാസ്കറ്റിൽ വെച്ചു . ആളുകളൊക്കെ നല്ല വെൽക്മിങ്ങും ഫ്രണ്ട്‌ലിയുമാണ് . ചിലർ പത്രം വായിക്കുന്നു, ചിലർ പുസ്തകം വായിക്കുന്നു, ചിലർ കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നു.ആകെ സന്തോഷം നിറഞ്ഞ, ഒരു പോസിറ്റീവ് വൈബുള്ള അന്തരീക്ഷം. അറിയാതെ ഞാനും പുഞ്ചിരിക്കാൻ തുടങ്ങി .ഞാൻ കനാലിനോട് ചേർന്നുള്ള ഒരു മേശക്കടുത്ത് ചെന്നിരുന്നു. മധുരമായ പുഞ്ചിരിയോടെ ഒരു വെയ്റ്റർ എന്റെ ഓർഡർ എടുത്തു . ഒരു പാൻകേക്കും ക്യാപ്പുച്ചിനോയുമാണ് ഞാൻ ഓർഡർ ചെയ്തത്. കനാലിനടിയിൽ ചിറകടിച്ചും, ഊളിയിട്ടും ഒരു താറാവ് കുടുംബം ആർത്തുല്ലസിക്കുന്നു . വയസ്സായ ദമ്പതിമാർ ഇട്ടു കൊടുക്കുന്ന ബ്രെഡ് കഷ്ണങ്ങൾ തിന്നാൻ താറാകുട്ടികൾ തമ്മിൽ കടുത്ത മത്സരം . അങ്ങനെ ഓർഡർ കാത്തിരിക്കുമ്പോളാണ് ഒരു വിളി . "അമ്മിണി ചായ അടുക്കളയിൽ
ഉണ്ട് ".റെസ്റ്റെറന്റിലെ ഓർഡർ ക്യാൻസൽ ചെയ്ത, ഹോംമെയ്ഡ് ചായ കുടിക്കുമ്പോൾ, എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ല എന്തോ ചായക്ക് റെസ്റ്റെറാന്റിലെ ക്യാപ്പുച്ചിനോന്റെ സ്വാദ് .
" Around The World in 80 seconds "
I was not reading but traveling 💫🌟🔥